Friday, November 28, 2008

എലിയുടെ തിരു-എഴുന്നള്ളത്ത്

അങ്ങനെ എലിയുടെ വിദ്യാര്‍ഥി ജീവിതം ഒരു പൂര്‍ണ വിരാമത്തിലേക്ക് നീങ്ങുകയാണ്.... ഈ സെമിസ്റ്റെരോടെ തിയറി വര്‍ക്ക് കഴിഞ്ഞു -- അത് കഴിഞ്ഞാല്‍ ഇനി ജന്മത്ത് ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റില്ല (പോകില്ല). പരീക്ഷകളില്ലാത്ത, അസൈന്മെന്റ് ഇല്ലാത്ത ആ നല്ല നാളുകള്‍ ഇനി അധികം ദൂരെയല്ല, "യാഹൂ..." ആലോചിച്ചപ്പോള്‍ സന്തോഷാധിക്യം കൊണ്ടു എലി കൂക്കി വിളിച്ചു... സെമിസ്റ്റെരിന്റെ അവസാന മൂന്നാഴ്ചയാണ് വരുന്നതു. എലി അവ ആഘോഷിക്കാന്‍ ഉള്ള കര്‍മപരിപാടികള്‍ തയ്യാറാക്കി. വളരെ ലളിതമായ പരിപാടി ക്ലാസ് കട്ട് ചെയ്തു എലിക്കു കൊതി തീര്‍ന്നിരുന്നില്ല, ഇനി ഒരവസരം കിട്ടിയില്ലെങ്ങില്ലോ...
എലി എല്ലാ ലോകരോടും: "ഇനി മാത്സ് ഒഴിച്ച് ഒരു ക്ലാസിലും ലാബിലും നാം പ്രവേശിക്കുന്നതല്ല".(മദ്ധ്യാഹ്നത്തിനു മുമ്പ്‌ ഉണര്‍ന്നാല്‍ മാത്രം മാത്സ് അല്ലേല്‍ അതും ഇല്ല)
ലോകര്‍: "എന്താ മാത്സ് മാത്രം? ത്വര?"
എലി: "ആ ക്ലാസ്സിന്റെ 'ക്രൌഡ്' കൊള്ളാം, മുഷിയില്ല"

അങ്ങനെ എലി കര്‍മപരിപാടികള്‍ നിഷ്ടയോടെ നടപ്പില്‍വരുത്തി. (ഇടക്കൊരു മാത്സ് ക്ലാസ് മാത്രം സ്വപ്നം കാണുന്ന തിരക്കില്‍ മിസ് ചെയ്തു -- ഈ വസ്തുത നോട്ട് ചെയ്യുക വഴിയേ ഇതിന്റെ പ്രാധാന്യം മനസിലാവ്വും).

അടുത്ത മാത്സ് ക്ലാസിനു ഉടുത്തൊരുങ്ങി കുട്ടപ്പനായി എലി ക്ലാസ്സ്-റൂമിന് മുന്നില്‍ എത്തി. അതിന് തൊട്ടു മുന്നത്തെ ക്ലാസ്സ് (അതേ റൂമില്‍ നടക്കുന്നത്) തത്വത്തില്‍ എലി അറ്റന്‍ഡ് ചെയ്യേണ്ടതാണ് എന്ഗ്ഗിലും, എലിക്കു കര്‍മപരിപാടി പ്രകാരം കട്ട് ചെയ്യേണ്ടതുകൊണ്ട് ആ ഗുരുവും ആയി ഒരു കൂടികാഴ്ച ഒഴിവാക്കാന്‍ ലേറ്റ് ആയിട്ടാണ് എലി എത്തിയത്. റൂം എന്ന് മേല്‍-പറഞ്ഞതു ഒരു ശീതീകരിച്ച ഓടിടാരിയം ആയിരുന്നു, ജനലുകള്‍ ഇല്ല (അകത്തു നടക്കുന്നത് പുറത്തു കാണാന്‍ പറ്റില്ലെന്ന് ചുരുക്കം).

എലി വാതില്‍ തുറന്നു - ഞെട്ടി - തെറിച്ചു - തെറിക്കുന്നതിനിടയില്‍ വാതിലടച്ചു ഓടാന്‍ ഒരു കാല്‍ മുന്നോട്ടു വെച്ചു. മനസിലായില്ല അല്ലെ -- സിമ്പിള്‍, മുന്നത്തെ ക്ലാസ്സ് കഴിഞ്ഞില്ലെന്നു തോന്നുന്നു, ആ ഗുരു അതാ അരങ്ങു വാഴുന്നു. എലിയുടെ മനസ്സിലൂടെ ഇമ്മിണി അധികം ആത്മഗതങ്ങള്‍ ഒന്നിച്ചു പൊങ്ങി അവയില്‍ സഭ്യമായ ചിലവ.

"എന്ത്", "എന്നെ കണ്ടായിരുന്നോ?", "ഏയ് ഇല്ലായിരിക്കും", "ഓടിക്കോ", "ഇങ്ങേര്‍ക്കെന്താ (ഗുരുവിനു) ഒരു സമയ നിഷ്ട ഇല്ലേ, ഇതിനൊക്കെ വളം വെച്ചു കൊടുക്കാന്‍ പിള്ളേരും", "ഗണിത ഗുരു? ക്രൌഡ്? എല്ലാരും എവിടെ?", "വേറെ വല്ല ഇടത്തേക്കും ആ (മാത്സ്) ക്ലാസ്സ് മാറ്റിയ്യോ?"....

വാതില്‍ അതാ മിക്കവാറും അടഞ്ഞു കഴിഞ്ഞു ("രക്ഷപെട്ടേ!!!"). അപ്പോളേക്കും ഗുരു വചനം.
ഗുരു: "എലി, എലിയല്ലേ അത്"
എലി [ആത്മഗതം]: "!@$!$"
സംഭ്രമത്തില്‍ എലി (വീണ്ടും) വാതില്‍ തുറന്നു
ഗുരു:[ചിരിച്ചുകൊണ്ട്] "എലി, എലി, അറച്ചു നില്‍ക്കാതെ, മടിച്ചുനില്‍ക്കാതെ കടന്നുവര്"
ജനം: [പ്രതീക്ഷയോടെ മന്ദസ്മിതം].... [ഉറങ്ങുന്നവര്‍ എഴുന്നേറ്റു ഉഷാര്‍ ആവുന്നു]....
എലി ജനത്തിനോട്‌ [ആത്മഗതം]: [സഭ്യമാല്ലത്തതിനാല്‍ ഇവിടെ പറയുന്നില്ല]
എലി വിനയാന്വിതനായി, പന്തം കണ്ട പെരുച്ച്ഹാഴിയെപോലെ ഗുരുവിനെ നോക്കി നിന്നു, എലിയുടെ മാനസികാവസ്ഥക്ക് വല്ലതും പറ്റിയ്യോ? (ആ നില്‍പ്പ് കണ്ടു ജനത്തിന് ഒരു സംശയം)
ഗുരു: "മി.എലി മാത്സ് ക്ലാസ്സ് തീര്‍ന്നു, കഴിഞ്ഞ ക്ലാസ്സ് ആയിരുന്നു അവസാന ക്ലാസ്സ്....
അറിഞ്ഞില്ലായിരുന്നോ ?"
എലി: "ഓ"
ജനം: [കൂട്ടച്ചിരി]
ഗുരു: "എന്റെ ക്ലാസ്സ് ഉണ്ട് എന്ന് അറിയുമായിരുന്നില്ലേ?"
എലി: [വിനയാന്വിതനായി] "അറിയാമായിരുന്നു സാര്‍"
ജനം: [വന്‍ ചിരി]
ഗുരു: "പിന്നെ?????!!!!"
എലി: [വിനയാന്വിതനായി] "വേണ്ടെന്നു വെച്ചതാണ് സാര്‍"
ഗുരു: [കണ്ണ് തള്ളി നില്ക്കുന്നു]
ജനം: [കൊല ചിരി]

എലി മന്ദം മന്ദം നടന്നു ചെന്നു സീറ്റില്‍ ഇരുന്നു.... അതായിരുന്നു എലി അവസാനം ആയി "അറ്റന്‍ഡ്" ചെയ്ത ക്ലാസ്സ്.

(പിന്നെ കട്ട് ചെയ്യാന്‍ ക്ലാസ്സ് ഒന്നും ഉണ്ടായില്ല, അതായിരുന്നു ആ സെമിസ്റ്റെരിലെ അവാസാന അധ്യയന ദിവസം -- പിറ്റേന്ന് ഫൈനല്‍സ്‌ തുടങ്ങി)

പിന്‍കുറിപ്പ്: പിന്നീട് "നീ എന്താടാ അങ്ങനെ അങ്ങ് സത്യം പറഞ്ഞെ?" എന്ന് ചോദിച്ച സുഹൃത്തിനോട് എലി പറഞ്ഞതിത്രമാത്രം "പെട്ടെന്ന് ഞാന്‍ ആകെ പരിഭ്രമിച്ചു, ബോധം ഇല്ലാതെ, അറിയാതെ, സത്യം പറഞ്ഞു പോയി... ബോധം പോകുന്നതിനു മുമ്പ്‌ നീയൊക്കെ ചിരിക്കുന്നത് ഞാന്‍ കണ്ടിരുന്നെട !@#$@#"

No comments: